Monday, November 28, 2016

തണൽമരം
-------------------

മുൻപേ ചിരിച്ചോരു അന്പിൻ   മുഖങ്ങളിൽ ,
പിന്നെ ഞാൻ കണ്ടതോ ക്രോധമുഖം ..
സ്നേഹത്തിന് പാലാഴിതീരത്ത് കണ്ടത്
മോഹവായ്‌പിന്റൊരു നഷ്ടബോധം ,,,

എന്തെന്നറിയാതെ നാലുപാടും നോക്കി ,
നന്നേ പകച്ചുഞാൻ ഉള്ളിലായി ..
ഒട്ടല്ലാ കൗതുകം എൻ മനസ്സാക്ഷിതൻ
മൗനം തെരഞ്ഞതിൻ പൊരുളറിയാൻ !


ചാരത്തണയ്ക്കുവാൻ  മെല്ലെത്തലോടുവാൻ ,
ആ മാറിലെന്നുംഅഭയം വേണം .
ജന്മജന്മാന്തരപുണ്യകർമ്മങ്ങൾക്കായ്
എന്നുമീ ജന്മത്തിൽ രക്ഷകനായ്‌ ....!

കാമവും ക്രോധവും പിരിയാത്തോരീ ജന്മ ,
ലോകത്തകമ്പടി ആകവേണം
എങ്ങിരുന്നാലും  നിൻപദനിസ്വനം
കേൾക്കുവാനായ് എൻ മനം കൊതിക്കും!

"വർഷങ്ങളേറെപ്പിരിയാതിരിക്കണം
പിരിയുന്നതും ഒപ്പംകർമ്മഫലം !
പിരിയാൻ തുടങ്ങുമ്പോഴുംനിറകണ്ണാൽ
കുങ്കുമം ചാർത്താൻ  നിൻകൈകൾ വേണം!"


പട്ടം ശ്രീദേവിനായർ
 

Sunday, November 27, 2016

നീയും ഞാനും
--------------------



പാതിമറഞ്ഞൊരു പകലാണ് നീ
മൂടിമറഞ്ഞൊരു  അഴലാണ് ഞാൻ....

എന്നിൽ വീണടിയുന്നു പ്രകൃതിയും പ്രപഞ്ചവും ,
സ്വപ്ങ്ങളെന്നുംഅകലെയായ്മറയുന്നു ...

പൊട്ടിയകൈവളത്തുണ്ടുകളിൽ ഒരു
ചിത്രം ഒളിപ്പിച്ച് ഞാൻ ഒളിഞ്ഞു നോക്കി ...

അതുബാലചാപല്യമോ കൗമാരസ്വപ്നമോ ?
യൗവ്വനകാന്തിതൻ ശിഷ്ടങ്ങളോ ?

വാർദ്ധക്യമെന്നെ തൊട്ടുതലോടാതെ
ഓടിയൊളിക്കുമോ അനന്തയിൽ ?

അർദ്ധനാരീശ്വര സന്നിധി തോറുമെൻ
ആത്മാവ് കേഴുന്നോ മോക്ഷത്തിനായ്

ഒരായിരം വർഷമീ ഭുമിയിൽ സ്നേഹത്തിൻ .
ചാരുശില്പമായ് ഞാൻ മാറിയെങ്കിൽ

എന്നിലെയാത്മാവിൻ അന്തർഗ്ഗതമെന്നും
നിഷ്കാമ  മോക്ഷത്തെ കാമിച്ചേനേ ...!


പട്ടം ശ്രീദേവിനായർ 

Monday, November 14, 2016



എല്ലാ കൊച്ചുകൂട്ടുകാർക്കും  ശിശുദിനാശംസകൾ
------------------------------------------------------------

ശിശു വായിട്ടിരിക്കുവാൻ മോഹിച്ച് ഞാനിന്നും ,
ശൈശവത്തിൻ  കുളിരോർമ്മതന്നിൽ.

പനിനീർ  മഴയിൽ  നനഞ്ഞു പിന്നെ,
സ്നേഹപ്പുഴതന്നിൽ കുളിച്ചുതോർത്തി..!

റോസാദളം പോലെ നയന സുഖം   ..ഒരു
തുളസിക്കതിർ പോലെശുദ്ധ മനം ,

നിഷ്ക്കളങ്കംകണ്ണിൽ സാഹോദര്യം ...
എല്ലാം ഒന്നുപോൽ നോക്കിനിന്നു ,

ശൈശവ മാനസം മൃദുലതരം .....!

പട്ടം ശ്രീദേവിനായർ 

Sunday, November 6, 2016

നിമിഷങ്ങൾ  
--------------------

നഷ്ടപ്രണയത്തിൻ 
മൂകമാംസാക്ഷികൾ

ആരെയോ കാത്തുനിന്നു
.എന്തിനോ വേണ്ടിനിന്നു ....

വരുവാനാവില്ല വരുമെന്നുറപ്പില്ല.
എന്നിട്ടും ഓർത്തെടുത്തു ..

മോഹത്തിൻ  നിമിഷങ്ങളെ ,
വാഗ്‍ദാന ചിന്തകളെ ....

ശോകത്താൽ ഉള്ളുരുകീ 
കണ്ണിൽ സ്വപ്നങ്ങൾ വീണുറങ്ങീ ..

ചിന്തകൾക്കും ജോലി  ഭാരം ..
 കവിതകൾക്കോ കദനരൂപം  ..

ആധാരശിലയിലെ ആശ്രയപരൂപത്തിൽ
അറിയാത്ത സ്വപ്നവികാരം ..!
എന്നും അടങ്ങാത്ത മോഹ വിദൂരം ....


പട്ടം ശ്രീദേവിനായർ 

Monday, October 31, 2016

കേരളം
----------------------

കേരളമെന്നൊരു നാടുകണ്ടോ ?
അത് മലയാളി മങ്കതൻ  മനസ്സുപോലെ!

മനതാരിലായിരം സ്വപ്‌നങ്ങൾ കൊണ്ടവൾ
മറുനാട്ടിൽപോലും മഹത്വമേകി ...

സത്യത്തിൻ പാൽപുഞ്ചിരിതൂകുന്നു
തുനിലാവൊത്തൊരു പെൺകൊടിയായ്.

പൂക്കളം തീർക്കുന്നു തിരുവോണത്തിൽ അവൾ
പുതുവർഷംഘോഷിക്കും ആര്ഭാടമായ് ...

പാട്ടും മേളവും  ആർപ്പുവിളികളും
 ആത്മാഭിമാനവും കാത്ത് വയ്ക്കും..

ജാതിയുമില്ല മതവുമില്ല അവൾക്കെല്ലാ
മതസ്ഥരും ഒന്നുപോലെ .....

മലയാളമേ കേരളമേ കേരവൃക്ഷങ്ങൾ തൻ ചാരുതയേ   .....
നെല്ലോലതൻ  കുളിർ തെന്നൽപോലെ

സ്നേഹമായ്  നല്ലൊരു സോദരിയായ്   ..
എന്നെന്നും മർത്യർക്ക് ആശ്വാസമായ് ...

തുഞ്ചന്റെ തത്തയെ പാടി പുകഴ്ത്തുവാൻ
പാട്ടിന്നീണ മായ് നിന്നവൾ നീ ...

കുഞ്ചന്റെ മേളത്തിനൊപ്പം നിറഞ്ഞാടി
ചന്തത്തിലാറാടി നിന്നവളും !


ആട്ടവും ,പാട്ടും ,കഥകളി ,നൃത്തവും
ആടിയുലയും തിരുവാതിര ....

എന്നുംമനസ്സിലൊ രായിരം സുന്ദര
സങ്കൽപ മാറാടി നില്പ വൾനീ

.മലയാളമെന്ന മഹാവാക്കിനർത്ഥവും.
മാഞ്ഞുപോകാതെ നീകാത്ത് നിൽപ്പൂ ..

എവിടെയാണേലും നിൻ മടിത്തട്ടിലായ്
ഓടിയെത്തും നമ്മൾ മലയാളിയും ...!

പട്ടം ശ്രീദേവിനായർ

 

Friday, October 7, 2016

അക്ഷരദേവി
---------------------

നവരാത്രി സന്ധ്യകൾകൺ തുറന്നു
മനസ്സിലൊരായിരം തിരിതെളിഞ്ഞു .
അക്ഷരദേവിയെ തൊഴുതു നിന്നു ഞാൻ
എന്നുള്ളം അകവും പുറവും  ശുദ്ധമാക്കി ...

അറിയാതെ അറിയാതെ അറിയുന്നു ഞാൻ
അറിവായി നിന്നെയെന്നരികിലായി ....
അറിയുവാനറിയാതെ  അകലുന്ന അറിവാർത്ഥി
അറിയുന്നുവോ  നിന്റെ അണയാ  പ്രവാഹം ?


അലസമായ്  അലിയുന്ന  അറിവിന്റെ  നിറവ്
അറിയായ്കിൽ  നിന്നെ അറിയുന്നവരുണ്ടോ ?
അക്ഷരദേവിതൻ   അമല പ്രകാശം
അക്ഷമയാൽ ഞാൻ നോക്കിനിന്നു ....

അകലെയായി ഞാൻ കാതോർത്ത് നിന്നപ്പോൾ
അശരീരിയായ് സ്വരം  കാതിൽ നിറഞ്ഞു !


പട്ടം ശ്രീദേവിനായർ
 

Monday, September 12, 2016

തിരുവോണം
---------------------


സമ്പന്നരുടെ ഓണം ,
ദരിദ്രരുടെ ഓണം,
സാധാരണക്കാരന്റെ ഓണം ,
അത്താഴ പട്ടിണിക്കാരന്റെയും ,മുഴുപ്പട്ടിണി
ക്കാരന്റെയും ഓണം ,

ബന്ധങ്ങൾ മറക്കുന്നഓണം ,
ബന്ധങ്ങൾ പുതുക്കുന്ന ഓണം ,

ആഘോഷങ്ങളുടെയും സന്തോഷത്തിന്റെയും ഓണം
മനസ്സാക്ഷിമറക്കുന്ന ധാരാളിത്തത്തിന്റെ ഓണം ,
എന്നിരുന്നാലും തിരുവോണമേ
  നിന്നെ ഞാൻ സ്നേഹിക്കുന്നു .....
പ്രതീക്ഷിക്കുന്നു ,,,,

നീ ഒരായിരം കാത്തിരുപ്പുകളുടെ മോഹവുമായി
പുണ്യമായ്‌  സുകൃതമായ്  വീണ്ടും എത്തുന്നു .....

മോഹമെന്ന പ്രതീക്ഷകൾ ,,
ഒരു നാളിലും ഫലിക്കാത്ത സ്വപ്നങ്ങൾ ..
നിലയ്ക്കാത്ത നൊമ്പരപ്പാടു കൾ ,,
ഒത്തിരിയൊത്തിരി  കടപ്പാടുകൾ ...
ഉത്തരം കിട്ടാത്ത ചോദ്യങ്ങളായെന്നും
എന്നെ നോക്കിനിൽക്കുമ്പോൾ .....


വാഴ്ചകൾ ,വേഴ്ചകൾ ,വീഴ്ചകൾ ...
കാഴ്ചകളായ്  നാലുപാടും നിറഞ്ഞാടുമ്പോൾ ,
കണ്ചിമ്മി കാതോർത്ത്  ഞാനിരിക്കുന്നു ..!


വീണ്ടും ഒരു തിരുവോണത്തെ യും കാത്ത് ...... !

എന്റെ പ്രിയ വായനക്കാർക്കും  സ്നേഹിതർക്കും
സ്നേഹത്തോടെ യുള്ള  ഓണാശംസകൾ ....

പട്ടം ശ്രീദേവിനായർ