Thursday, May 14, 2015

വനവാസം 

---------------------
ശരം കുത്തിപായുന്നു  സാന്ത്വനങ്ങൾ.പക്ഷേ  
ശരശയ്യ ഒരുക്കുന്നു ചിന്തകളിൽ. 
വിതുമ്പുന്നുവോ  വീണ്ടും അക്ഷരങ്ങൾ ..
ഒരുങ്ങുന്നുവോ  വനവാസത്തിനായ്?
 
തടയുവാനാളില്ലഎൻ കൈകളെ ...
രാമനില്ല ഒപ്പം സീതയുമില്ല! 
കണ്ണീർ വാർക്കുന്ന  അമ്മയുമില്ല .!..
കൂടെവരുവാനോ സോദരനില്ല! 
 
കാടുകൾ മേടുകൾ  കൂട്ടിനായുണ്ട്   പിന്നെ 
. ചേതോഹരികളാം വനവാസിയും..
കൂട്ടിനായ് കൂട്ടുവാൻ വാനരന്മാരും   പിന്നെ 
ശത്രുവായ്‌രാക്ഷസരാവണനും !
 
 
ശ്രീദേവിനായർ 

Monday, May 11, 2015

 

പൂജ്യം           

 

 

വാക്കുകൾക്കു  മുന വരുത്തിയെടുക്കാൻ 

ഉലയിൽ വയ്ക്കണ മെന്നില്ല 

ചിന്തകളുടെ  അഗാധതയ്ക്ക്              

മനസ്സ് നിയന്ത്രിക്കാനുള്ള  കഴിവുണ്ട് .

അറിവില്ലായ്മയാണെന്റെ അറിവ് 

എന്ന വാക്കിൽ  അറിവ് നിഴലിക്കുമ്പോൾ 

ഭൂമിയുടെ മേൽ  കാൽ  ചവിട്ടി നില്ക്കാൻ 

ശ്രമിക്കുന്ന  അഹംഭാവങ്ങൾക്ക് 

ഒരു മായാചിത്രത്തിന്റെ നിമിഷ ദൈര്ഘ്യമേ ഉള്ളു 

ചിന്തയിൽ  പതിഞ്ഞു നില്ക്കാനാവാത്ത 

അക്ഷരങ്ങളുടെ  ആയുസ്സ് അക്കങ്ങളെ ക്കാൾ

നൈമിഷികവും !

പൂജ്യം   എന്ന  അക്കം  പൂജ്യമാവുന്ന സമയങ്ങൾ 

കേവലം ഒന്നിനെ മാത്രം ആശ്രയിച്ചിരിക്കുമ്പോൾ 

ഇവിടെ അക്ഷരങ്ങളിലും ഞാൻ

 ആപൂജ്യതയെ  ആവാഹിക്കാൻ ശ്രമിക്കുന്നു  ! 

 

 

 

ശ്രീദേവിനായർ 

 

Friday, May 8, 2015

എന്റെ അമ്മ 




ലോകമെന്തെന്നറിയാതെ  

സ്വപ്നം കണ്ടു  മയങ്ങിഞാൻ .

ഉണ്മയേതെന്നറിയാതെ 

കണ്ണടച്ചു കിടന്നു ഞാൻ .!

 

അമ്മതൻ മുഖം കണ്ടുപിന്നെ 

അച്ഛനെ നോക്കിക്കിടന്നു ഞാൻ .

ബന്ധനങ്ങളറിയാതെ 

ബന്ധുതൻ കൈയ്യിലുറങ്ങിഞാൻ! 

 

ചുണ്ടിൽ മുലപ്പാലൊ ഴുക്കി 

പുഞ്ചിരിച്ചു കിടന്നു ഞാൻ!

പല്ലിനാൽ ക്ഷതം വരുത്തി 

അമ്മതൻ കണ്‍കളിൽ നോക്കി ഞാൻ!

 

അച്ഛനെന്നു വിളിക്കും മുൻപേ 

അമ്മ യെന്നു വിളിച്ചു ഞാൻ .

ആദ്യമായി നാവിലൂറിയ 

വാക്കിനെ" അമ്മ" യാക്കി ഞാൻ !

 

പിച്ചവച്ചു നടന്നു ഞാനെൻ

അമ്മതൻ  വിരൽ തുമ്പിനാൽ ...

കൊഞ്ചലായ് പിന്നമ്മ തന്നുടെ 

നെഞ്ചകം തന്നിലൊരോമലായ് !

 

അമ്മേ   എന്ന് വിളിച്ചു പിന്നെ 

ആവലാതികൾ ചൊല്ലിഞാൻ !

എന്തിനെന്നറിയാതെ 

പിന്തുടര്ന്നു ഞാനമ്മയെ !

 

ശൂന്യമായീ ഇന്നു വീണ്ടും

അമ്മതൻ  വിജനവീഥിയിൽ ...

എന്തിനെന്നറിയാതെ

വീണ്ടുമമ്മയെ കാത്തു ഞാൻ!

 

 

 

തിരഞ്ഞു  നിൽപ്പൂ അമ്മയെ ഞാൻ ...

തിരിച്ചു വരാത്ത  വഴികളിൽ ....

വെറുതെ ഒന്ന് നടന്നുനോക്കാൻ  

ആശക്ത മായെന്റെ പാദവും !



  

ശ്രീദേവിനായർ 


 

Sunday, April 26, 2015


പ്രതീക്ഷ
--------------

വിണ്ണിൽ  ചിരിക്കുന്ന  രാജകുമാരനു
മണ്ണിലെ പെണ്ണിനോടാത്മാനുരാഗം....
കാട്ടിലെ വന്മരക്കൂട്ടത്തിനാകെ
ച്ചോട്ടിലെ പുല്മേട  പെണ്ണിനോടാശ ..!

അക്കരക്കൂട്ടിലെ തത്തമ്മപ്പെണ്ണിനെ
ഇക്കരെനിന്നുകലമാൻ കൊതിച്ചു ..
കാട്ടരുവിയോടൊത്ത് നടക്കുവാൻ
കാട്ടാനക്കൊ മ്പനു വീണ്ടുമൊരാശ ..

ആശ നിരാശ  കൾ  നിശ്വാസമായപ്പോൾ  
നോക്കിനിന്നൊരു കുയിലമ്മ ചൊല്ലീ....

"കിട്ടില്ല കിട്ടില്ല ഒന്നും നിനക്കായ്...
സൃഷ്ടിച്ചവൻ നിന്നെരക്ഷി ച്ചുകൊള്ളും
മുറ്റും  പ്രതീക്ഷകൾനിൻ പക്കൽവേണ്ടാ
മറ്റെല്ലാമീശ്വരൻ തൻ കളിയല്ലേ ?

എന്തൊക്കെ യാണെന്റെ പാട്ടിന്റെ ഈണം
ഏതൊക്കെ ശീലുകൾ ഞാനാഞ്ഞു പാടി ...!
എന്നിട്ടു മിന്നും കണ്ടില്ല ഞാനെന്റെ
ജീവന്റെ  ജീവനാം മക്കളെ മാത്രം !"




ശ്രീദേവിനായർ 

Tuesday, April 21, 2015

ഭൂമിയമ്മ 

പുല്മേഞ്ഞ നിൻ  മാറിൽ ഒട്ടിക്കിടന്നു  ഞാൻ
അല്പവുമാശങ്ക യില്ലാതുറങ്ങി ഞാൻ ...
ആര് നീ ആരെന്നറിയാതുണർന്നു ഞാൻ ...
എന്നെത്തലോടിയ കൈകളെ ത്തേടിഞ്ഞാൻ ..!


പൂമരച്ചോട്ടിലെൻ പായ  വിരിച്ചു  നീ
പുൽത്തകിടി കൊണ്ടു മെത്തയുണ്ടാക്കി നീ ..
എൻ  മയക്കത്തിലും കൂട്ടിരിന്നീടുവാൻ
താരാട്ട് പാടുവാൻ  അരുവിയോടോ തി നീ ....!


ആരായിരുന്നു നീ എന്നമ്മ തന്നെയോ ?
കണ്ണീരുപ്പുമായ് കൂടെ നടന്നവൾ ?
നീയെനിയ്ക്കമ്മ ഭൂമിയാം  മാതാവ്
ആരോ രുമില്ലാത്തനാഥർക്കാശ്രയം !




ഈ മണ്ണിൽ  നിന്നല്ലോ എൻ സപ്ത നാഡി കൾ
ഈ ജലം തന്നെയെൻ രക്തത്തിന്നാധാരം ..
ജനനവും മരണവും ഇവിടെ നടക്കുന്നു
ഭൂമിയാം മാതാവേ നിൻ മാറിൽ ലയിക്കുന്നു !



ഇല്ല ഞാൻ പോവില്ല കൈവിടാനാവില്ല
ജന്മജന്മാന്തരമീയമ്മയെ ക്കൈവിടാൻ
 മറക്കുവാനാകാത്ത  ഹൃദയബന്ധം  ഈ ....
ഭൂമിയാം മാതാവിൻ ആത്മബന്ധം  !



ശ്രീദേവിനായർ 

Wednesday, April 15, 2015

 

 

പൂക്കളുടെ സംശയം 

-----------------------------------

 

എന്തെന്തു ചെയ്തൂ ? നീ ചെയ്തോ പുണ്യം..?

കണി ക്കൊന്നയാകാൻ മനസ്സൊന്നുവേറെ ....

വർഷങ്ങൾ തോറും വിരുന്നെത്തിവീണ്ടും 

ഹർഷാരവങ്ങൾനീ നേടി പൂവേ...!

 

കണ്ണുനിറഞ്ഞൂ ..... ചിരിച്ചൂ കണിക്കൊന്ന 

പൂവുംമെല്ലെ പ്പറയാനൊരുങ്ങീ .... 

ഇത്തരം ചോദ്യനുത്തരങ്ങൾ 

നിന്നാണെ,പൂവേയെനിക്കറിയുകില്ലാ .

 

ഉത്തരമില്ലാത്ത ചോദ്യനുത്തരം 

തേടി ത്തളർന്ന സുമങ്ങളെ ല്ലാം 

പനിനീർ സുമത്തിനെ റാണിയാക്കി 

ചോദ്യത്തിന്നാഴങ്ങൾ വീണ്ടെടുത്തു....

 

"നിന്നാണെ പൂവേ ചുമന്നപൂവേ 

നിന്നെ ഞാനൊന്ന് തലോടിട്ടേ ?

പുഞ്ചിരിതൂകി കണിക്കൊന്ന ചൊല്ലീ 

ഞാനോര് പാവം കാട്ടുപൂവ് .....! "

 

നാട് നീളെ നിവര്ന്നു നടക്കും വമ്പത്തിപ്പൂ നീ 

സമ്പന്നൻ മാർ ക്കെന്തും നല്കും നീ ഒരഹങ്കാരീ !

നിറങ്ങൾ പലത്  ഇഷ്ടം പലത് ...

പ്രണയത്തിൻ പൂ  നീ ...!

വാസനയേറിയ നിന്മേനിക്കായ് 

യൌവ്വനവുംപിറകേ ..

 

തുമ്പ പ്പൂവിൻ നിര്മ്മല ഹൃദയം 

എന്നെ ഓര്ക്കുന്നു !

കണ്ണന്റെ പൂഞ്ചേ ലയിലായി  

 ഞാനും ലയിക്കുന്നു  ...!.

 

കിങ്ങിണിമൊട്ടുകൾ ചിലങ്കകെട്ടി  

 നൃത്തം വയ്ക്കുന്നു

എൻ ചില്ല്ലയിലിരുന്നവനെന്നെനോക്കി- 

ക്കുഴലൂതി രസിക്കുന്നൂ .....!

 പ്രണയിനിയല്ല കാമിനിയല്ല 

വെറുമൊരു പാവം ഞാൻ, 

കണ്ടാൽ വീണ്ടും നോക്കിപ്പോകും 

നിര്മ്മല രൂപം ഞാൻ !

 

 കണ്ണന്റെ കളിത്തോഴി 

വെറുമൊരുകൊന്നപ്പൂ 

കണികാണാനായി വീണ്ടുമെത്തും 

മേടപ്പുലരിയിൽ ഞാൻ !

 
   
...

 ശ്രീദേവിനായർ 

 
.
 
 

 

Tuesday, April 14, 2015

 കൊന്നപ്പൂവ്

------------------

 

മഴയും വെയിലും വാരിപ്പുണർന്ന
വിശ്വാസത്തിൽ കുളിരണിഞ്ഞ
കണിക്കൊന്ന പൂക്കൾ ...

സൂര്യനെ ആവാഹിച്ച മനസ്സുമായ് ,...

മനുഷ്യമനസ്സുകളിലേയ്ക്ക്

എത്തിനോക്കാൻ ശ്രമിക്കുന്ന ഈ സുന്ദര കാലം ..!

അത് തന്നെയാണു നമ്മുടെ സ്വന്തം വിഷുക്കാലം ....
സ്നേഹത്തിന്റെ ഒരു കുല കൊന്നപ്പൂക്കൾ
എന്റെ എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കള്ക്കും
ഞാനും നല്കുന്നു !

"വിഷു ദിനാശംസകൾ"
നിങ്ങളുടെ സ്വന്തം ശ്രീദേവിനായർ